Become a Fan and "Like" us on FB

Thursday, August 13, 2009

Tourist Visa Restrictions to UAE: BY ABRAHAM,Gടൂറിസ്റ്റ്‌ വിസയില്‍ യുഎഇയിലേക്ക്‌ വരുന്നവര്‍ കുറഞ്ഞത്‌ 5,000 ദിര്‍ഹം കരുതണംഷാര്‍ജ: ടൂറിസ്റ്റ്‌ വിസയില്‍ യുഎഇയിലേക്ക്‌ വരുന്നവര്‍ കുറഞ്ഞത്‌ 5,000 ദിര്‍ഹ(ഏകദേശം 60,000 രൂപ)മെങ്കിലും കൈയില്‍ കരുതണമെന്ന നിയമം അധികൃതര്‍ കര്‍ശനമാക്കി. എന്നാല്‍, ഇതറിയാതെ എത്തിയ മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ ഷാര്‍ജ അന്താരാഷ്‌ട്രാ വിമാനത്താവളത്തില്‍ നിന്ന്‌ തന്നെ മടങ്ങി. ഏറെപ്പേര്‍ മടക്ക ടിക്കറ്റിനുള്ള കാശില്ലാതെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്‌. നേരത്തെ പ്രാബല്യത്തിലുള്ള നിയമം ഈ മാസം ഒന്നുമുതലാണ്‌ കര്‍ശനമാക്കിയത്‌. എന്നാല്‍, ഇതറിയാതെയാണ്‌ നിരവധി പേര്‍ നിത്യേന യുഎഇയിലെത്തുന്നത്‌.

ഭൂരിഭാഗവും തൊഴില്‍ തേടിയെത്തുന്ന സാധാരണക്കാരാണ്‌. നാട്ടിലെ ഏജന്റുമാരില്‍ നിന്ന്‌ 15,000 രൂപയോളം നല്‍കിയാണ്‌ ഇവര്‍ ഒരുമാസത്തേക്കുള്ള ടൂറിസ്റ്റ്‌ വിസ സ്വന്തമാക്കിയിട്ടുള്ളത്‌. വിമാന ടിക്കറ്റിന്‌ പലരും 9,000 രൂപ നല്‍കി. അവശ്യ ചെലവുകള്‍ക്കുള്ള പണം മാത്രമെ ഇവരുടെ കൈവശമുണ്ടായിരുന്നുള്ളൂ. അതിനാല്‍, ഇത്രയും വലിയ സംഖ്യ കൈയിലുണ്ടോ എന്ന്‌ ചോദിക്കുന്നതോടെ ഇവിടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്ത പലരും നിസഹായാവസ്ഥയിലാവുകയാണ്‌.

നാട്ടിലെ ഏജന്റിന്റെ ഇവിടുത്തെ ആള്‍ക്കാരെ വിളിച്ച പലര്‍ക്കും വളരെ വേദനാജനകമായ അനുഭവമാണ്‌ ഉണ്ടാകുന്നത്‌. ഇവരെ സഹായിക്കാനോ, ആശ്വസിപ്പിക്കാനോ ആരും തയ്യാറാകുന്നില്ല. വിമാനത്താവളത്തില്‍ നിന്ന്‌ പുറത്തിറങ്ങാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട്‌ തന്റെ ട്രാവല്‍ ഏജന്റിനെ ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ എത്താമെന്ന്‌ പറഞ്ഞ്‌ ദിവസങ്ങളോളം കാത്തിരുത്തിയെങ്കിലും ആരും വന്നില്ലെന്ന്‌ ഇത്തരത്തില്‍ രാമനാട്ടുകാരയിലെ ഒരു പ്രമുഖ ട്രാവല്‍സില്‍ നിന്ന്‌ വിസ വാങ്ങിയെത്തിയത്തിയ കോഴിക്കോട്‌ ഫാറൂഖ്‌ കരുവന്‍തുരുത്തി സ്വദേശി നിസാബ്‌(28) ടെലിഫോണിലൂടെ പറഞ്ഞു.

14,500 ദിര്‍ഹം നല്‍കി വാങ്ങിയ ടൂറിസ്റ്റ്‌ വിസയില്‍ കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ നിസാബ്‌ ഷാര്‍ജയിലെത്തിയത്‌. ഇയാളോടൊപ്പമുണ്ടായിരുന്ന പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ്‌ കബീറി(26)നും ഇതേ അനുഭവമാണുണ്ടായത്‌. ഇത്തരത്തില്‍ കുടുങ്ങിയ പതിനഞ്ചോളം പേര്‍ ഷാര്‍ജ വിമാനത്താവളത്തില്‍ എന്ത്‌ ചെയ്യണമെന്നറിയാതെ നില്‍ക്കുന്നതായി ഇവരറിയിച്ചു. ഇവരില്‍ കുറേപ്പേര്‍ കഴിഞ്ഞ ദിവസങ്ങളിലായി നാട്ടിലേക്ക്‌ തന്നെ മടങ്ങി. നിയമം മാറിയത്‌ അറിയാത്തത്‌ കൊണ്ടായിരിക്കാം നാട്ടില്‍ നിന്ന്‌ വിസ ഏജന്റുമാര്‍ ഇക്കാര്യം ആരെയും അറിയിക്കാത്തതെന്ന്‌ നിസാബ്‌ പറഞ്ഞു. എന്നാല്‍, ഇവിടെ തങ്ങളെ കൂട്ടാന്‍ വരുമെന്ന്‌ പറഞ്ഞിരുന്ന ഏജന്റിന്റെ ആള്‍ക്കാര്‍ തങ്ങളെ ബന്ധപ്പെടാത്തതിലാണ്‌ ഇവര്‍ക്ക്‌ ദുഃഖം.

അതിനിടെ ബന്ധുക്കളുള്ളവരില്‍ ചിലര്‍ 5,000 ദിര്‍ഹം സംഘടിപ്പിച്ച്‌ എമിഗ്രേഷനെ സമീപിച്ചപ്പോള്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന്‌ നിസാബ്‌ പറഞ്ഞു. റമസാനില്‍ യാചകരുടെ കടന്നുവരവ്‌ നിയന്ത്രിക്കാനാണ്‌ അധികൃതര്‍ നിയമം കര്‍ശനമാക്കിയതെന്ന്‌ സൂചനയുണ്ട്‌. ഏതായാലും നിര്‍ധന കുടുംബത്തെ സഹായിക്കുന്നതിന്‌ വേണ്ടിയാണ്‌ നാട്ടില്‍ ചെറുകിട ജോലിയില്‍ വ്യാപൃതരായിരുന്ന മിക്കവരും കടം വാങ്ങിയും സ്വര്‍ണം പണയം വെച്ചും മറ്റും വിസ കരസ്ഥമാക്കി സ്വപ്‌നഭൂമിയിലേക്ക്‌ പുറപ്പെട്ടത്‌. എന്നാലതിപ്പോള്‍ പാതിവഴിയിലുമായി. അടുത്തകാലത്ത്‌ വിസ നിബന്ധനകളില്‍ വലിയ മാറ്റം വന്നതോടെ പണമടച്ച്‌ ഒരു മാസം നീട്ടാവുന്ന ടൂറിസ്റ്റ്‌ വിസയിലാണ്‌ ഇപ്പോള്‍ ആളുകള്‍ തൊഴില്‍ തേടാനെത്തുന്നത്‌.

No comments: